Devadoothan, a True Classic in Malayalam Cinema

പുരുഷ പ്രേതാത്മാക്കളെ അവതരിപ്പിച്ച നിരവധി മലയാള സിനിമകളുണ്ട്. ശക്തി, പപ്പൻ പ്രിയപ്പെട്ട പപ്പൻ, ചാമ്പ്യൻ തോമസ്, കുറുക്കൻ രാജാവായി, ആയുഷ്കാലം, അപരിചിതൻ. ഈ ലിസ്റ്റ് ഇനിയും നീണ്ടുപോകാം. എന്നാൽ രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്.

devadoothan-movie-stills

ദേവദൂതനായി വിശാൽ കൃഷ്ണമൂർത്തി

2000-ൽ ആദ്യം പുറത്തിറങ്ങിയപ്പോൾ സ്വീകരിക്കപ്പെട്ടില്ലെങ്കിലും പിന്നീട് 24 വർഷങ്ങൾക്കു ശേഷം 4K നിലവാരത്തിൽ വീണ്ടും തീയേറ്ററുകളിൽ എത്തിയപ്പോൾ ദേവദൂതന് ലഭിച്ചത് പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമായിരുന്നു. അലീനയുടെയും മഹേശ്വറിന്റെയും പ്രണയകഥ പറഞ്ഞ ഈ evergreen romantic musical horror thriller കാണികൾക്ക് പുതിയൊരനുഭവമായിരുന്നു.

devadoothan-movie-stills

"ആർക്കോ എന്തോ ആരോടോ പറയാനുണ്ട്" (Somebody wants to say something to someone) എന്നായിരുന്നു ചിത്രത്തിന്റെ ആകർഷകമായ പരസ്യവാക്യം. ഊട്ടി ഗവ. ആർട്സ് കോളേജ്, നവനഗർ പാലസ്, ടൈഗർ ഹിൽ സെമിത്തേരി എന്നിവയുടെ പശ്ചാത്തലത്തിൽ പാശ്ചാത്യ മാതൃകയിലുള്ള ഒരു റൊമാന്റിക് ചുറ്റുപാടാണ് ചിത്രത്തിന്റെ ലൊക്കേഷൻ.

പഠനകാലത്ത് ഹോളിഫാദര്‍ കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട വിശാൽ കൃഷ്ണമൂർത്തി (മോഹൻലാൽ) വർഷങ്ങൾക്കുശേഷം ഇപ്പോഴത്തെ പ്രിൻസിപ്പലച്ചന്റെ (ജനാർദ്ദനൻ) അഭ്യർത്ഥനപ്രകാരം വിദ്യാർത്ഥികൾക്കായി ഒരു സംഗീതനാടകം സംവിധാനം ചെയ്യാൻ മടങ്ങിയെത്തുകയാണ്. ഡൽഹിയിൽ നടക്കുന്ന യൂത്ത്ഫെസ്റ്റിവലിൽ അവതരിപ്പിക്കാനുള്ള സംഗീതശില്പമായിരുന്നു അത്.

devadoothan-movie-stills

കോളേജ് ചാപ്പലിൽ സൂക്ഷിച്ചിരുന്ന Seven Bells (സപ്തസ്വരമണികൾ) എന്ന സംഗീതോപകരണം വായിച്ച കുറ്റത്തിനാണ് മാനേജറായ ആഞ്ജലീന ഇഗ്‌നേഷ്യസ് (ജയപ്രദ) വിശാലിനെ പണ്ട് കോളേജിൽനിന്ന് പുറത്താക്കിയത്. സംഗീതത്തിൽ സമർത്ഥനായിരുന്ന അയാൾ കോളേജിൽ നിന്നു പുറത്താക്കപ്പെട്ടതിനുശേഷം മറ്റു പല ബിസിനസുകൾ പരീക്ഷിച്ചെങ്കിലും എല്ലാം പരാജയത്തിലാണ് അവസാനിച്ചത്.

കോളേജിൽ തിരിച്ചെത്തിയ വിശാൽ രാത്രികാലങ്ങളിൽ Seven Bells തനിയെ സംഗീതം വായിക്കുന്നുവെന്ന് കണ്ടെത്തുന്നു. Seven Bells വീണ്ടും വായിച്ച കുറ്റം ആഞ്ജലീന വിശാലിനുമേൽ ആരോപിച്ചിട്ടും സത്യം കണ്ടുപിടിക്കാതെ താൻ അവിടുന്ന് പോകില്ലെന്ന് അയാൾ തീരുമാനിക്കുന്നു.

devadoothan-movie-stills

വിദ്യാർത്ഥികൾ അവതരിക്കാൻ പോകുന്ന സംഗീതനാടകം പണക്കാരനായ പ്രഭുവിന്റെ ഒരേയൊരു മകളായ മേരിയും അന്യനാട്ടിൽ നിന്നുവന്ന സംഗീതജ്ഞനായ നിഖിൽ മഹേശ്വറും തമ്മിലുള്ള പ്രണയകഥ ആയിരുന്നു. ആദ്യം എതിർത്തെങ്കിലും പിന്നീട് മേരിയുടെ പിതാവ് അവരുടെ വിവാഹത്തിന് സമ്മതിക്കുന്നു. എന്നാൽ വിവാഹത്തിന് അച്ഛനമ്മമാരുടെ സമ്മതം വാങ്ങാൻ സ്വന്തം നാട്ടിലേക്ക് പോയ മഹേശ്വർ പിന്നീട് തിരിച്ചുവന്നില്ല. മുപ്പതു വർഷമായി മേരി അവനെ കാത്തിരിക്കുകയാണ്.

ചിത്രത്തിന്റെ കഥാഗതിയിലൂടെ വെളിപ്പെടുന്ന നിരവധി ഉൾക്കാഴ്ചകളിലൂടെ ഏതോ ലക്ഷ്യത്തിനായി ഒരു അദൃശ്യശക്തി (മഹേശ്വർ) തന്നെ നയിക്കുന്നുവെന്നു വിശാൽ മനസ്സിലാക്കുന്നു. ആ ശക്തിയുടെ ഇടപെടലിലൂടെ വിശാൽ നാടകത്തിന്റെ തിരക്കഥയിൽ ധാരാളം മാറ്റങ്ങൾ കൊണ്ടുവരുന്നു. നായികയുടെ പേര് മേരിയിൽ നിന്ന് അലീന എന്നാക്കുന്നതാണ് ഇതിൽ ആദ്യത്തേത്. Seven Bells ലെ സംഗീതത്തിൽ‌ നിന്നുമാണ് വിശാലിന് ആ പേര് ലഭിക്കുന്നത്.

"ഈശ്വരൻ നിറച്ചുവച്ച മഹാസാഗരം പോലെ എനിക്കു ചുറ്റുമിതാ പ്രണയം ശാന്തമായൊഴുകുന്നു. അതിൽ ദിക്കറിയാതെ എന്റെ ഹൃദയമഹേശ്വരഗായകൻ എവിടേക്കോ ഒഴുകുകയാണ്"

ആഞ്ജലീനയുടെ യഥാർത്ഥ പേര്‌ അലീന എന്നാണെന്നും നാടകത്തിനുവേണ്ടി പ്രിൻസിപ്പലച്ചൻ കണ്ടെത്തിയ ആ കഥ യഥാർത്ഥത്തിൽ ആഞ്ജലീനയുടെ സ്വന്തം ജീവിതകഥയാണ് എന്നും ഫാ. സ്തേവയിൽ (കേരളശ്ശേരി രാമൻകുട്ടി വാര്യർ) നിന്ന് വിശാൽ മനസ്സിലാക്കുന്നു. Seven Bells എന്ന അപൂര്‍വ സംഗീതോപകരണം വായിക്കാനറിയാവുന്ന മഹേശ്വർ (വിനീത് കുമാർ) എന്ന സംഗീതജ്ഞനെ അലീനയുടെ പിതാവും കോളേജിന്റെ സ്ഥാപകനുമായ വില്യം ഇഗ്നേഷ്യസ് (രാജാ കൃഷ്ണമൂർത്തി) ആഗ്രയിൽ നിന്ന് കൊണ്ടുവന്ന് അവിടെ താമസിപ്പിച്ചിരുന്നു. അലീന മഹേശ്വറുമായി പ്രണയത്തിലാകുന്നു. അലീന അവനെ ഇഷ്ടപ്പെടാൻ കാരണം അവന്റെ മാസ്മരിക സംഗീതമായിരുന്നു. നാടകത്തിന്റെ കഥയിലെപ്പോലെ തന്നെ, ഇഷ്ടമില്ലാതിരുന്നിട്ടും വില്യം ഇഗ്നേഷ്യസ് അവരുടെ വിവാഹത്തിന് സമ്മതം നൽകുന്നു. എന്നാൽ, ആറു വർഷത്തെ പ്രണയത്തിനുശേഷം, വിവാഹത്തിന് മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങാൻ തന്റെ നാട്ടിലേക്കുപോയ മഹേശ്വർ പിന്നെ തിരിച്ചുവന്നില്ല. അവൻ മടങ്ങിവരുന്നതും കാത്ത് കഴിഞ്ഞ മുപ്പതു വർഷമായി അലീന കാത്തിരിക്കുകയാണ്.

devadoothan-movie-stills

മഹേശ്വറിന്റെ സ്മരണയ്ക്കായി നിധിപോലെ കാത്തുസൂക്ഷിച്ചിരിക്കുന്ന Seven Bells വായിച്ചു എന്നാരോപിച്ചാണ് അലീന വിശാലിനെ കോളേജിൽ നിന്ന് പുറത്താക്കിയത്. ലൈബ്രറിയിലെ പുസ്തകത്തിൽ നിന്നു കിട്ടിയ Musical Note വിശാൽ അവരെ കാണിക്കുമ്പോൾ മാത്രമാണ് മറ്റാർക്കുമറിയാത്ത ആ സംഗീതം അയാൾക്ക് എങ്ങനെ വായിക്കാൻ പറ്റും എന്ന് അലീന ചിന്തിക്കുന്നത്. പിന്നീട് ഇരുവരും സുഹൃത്തുക്കളാകുന്നു.

താൻ ഇനി മടങ്ങിവരില്ലെന്ന സത്യം അലീനക്ക് മനസിലാക്കിക്കൊടുക്കാൻ മഹേശ്വർ വിശാലിനെയാണ് തെരഞ്ഞെടുത്തത്. ആദ്യം ഈ നാടകം സംവിധാനം ചെയ്യാനിരുന്നത് ഡാൻസർ അച്ചൻ (ജഗതി) ആണ്. റിഹേഴ്‌സലിനിടെ കഴുത്തുളുക്കി ഹോസ്പിറ്റലിലായപ്പോൾ നാടകം സംവിധാനം ചെയ്യാൻ പുറത്തുനിന്ന് ആരെയെങ്കിലും കൊണ്ടുവരാൻ നിർദേശിക്കുന്നതും ഡാൻസർ അച്ചൻ ആണ്. വേറെ ആര് എന്നാലോചിച്ച് പ്രിൻസിപ്പലച്ചൻ വിഷമിച്ചിരിക്കുമ്പോഴാണ് മേശപ്പുറത്തിരുന്ന Dancing Doll അതുവരെ പാടാതിരുന്ന ഒരു ട്യൂൺ പ്ലേ ചെയ്യുന്നത്. വിദ്യാർത്ഥികളിൽ ഒരാൾ ആ ഈണം തിരിച്ചറിയുകയും വിശാലിന്റെ പേര് നിർദ്ദേശിക്കുകയും ചെയ്യുന്നു. അങ്ങനെ മഹേശ്വർ വിശാലിന്റെ പ്രവേശനത്തിന് വഴിയൊരുക്കുന്നു. തന്റെ സംഗീതജ്ഞാനത്തിനോളം തന്നെ അറിവുള്ള ഒരാളായതുകൊണ്ടാണ് മഹേശ്വർ വിശാലിനെ തന്റെ ദൂതനായി തെരഞ്ഞെടുത്തത്. Seven Bells പ്ലേചെയ്ത ട്യൂണിൽ നിന്നും "അലീന" എന്ന പേര് കണ്ടെത്താൻ കഴിഞ്ഞത് വിശാലിന്റെ സംഗീതജ്ഞാനത്തെ സൂചിപ്പിക്കുന്നു.

devadoothan-movie-stills

ഒടുവിൽ ആ രഹസ്യത്തിന്റെ ചുരുളഴിയുന്നു. യഥാർത്ഥത്തിൽ, വില്യം ഇഗ്നേഷ്യസിനു മകളെ അന്ധനായ മഹേശ്വറിനു വിവാഹംകഴിച്ചു കൊടുക്കാൻ താല്പര്യമില്ലായിരുന്നു. ആ സ്നേഹബന്ധത്തിൽ നിന്നും തന്റെ മകൾ ഒരിക്കലും പിന്മാറുകയില്ല എന്നു മനസിലാക്കിയ അയാൾ, മഹേശ്വർ സെവൻ ബെൽസ് വായിക്കുന്നത് തടയാനായി തന്റെ കുതിരക്കാരനായ ആൽബർട്ടോയുടെ (മുരളി) സഹായത്തോടെ അവന്റെ കൈവിരലുകൾ വെട്ടിമാറ്റിയെന്നും, അവസാനം അവനെ ജീവനോടെ കുഴിച്ചുമൂടിയെന്നും, കോളേജ് ലൈബ്രറിയിലെ ചില്ലുകൂട്ടിലുള്ളത് മഹേശ്വറിന്റെ അസ്ഥികൂടമാണെന്നും വിശാൽ മനസ്സിലാക്കുന്നു. മഹേശ്വറിനെ ക്രൂരമായി കൊലപ്പെടുത്തുന്നത് കണ്ട പീയുഷയും പ്യൂണോയും (കുതിരകൾ) വില്യം ഇഗ്നേഷ്യസിനെ കുതിരവണ്ടിയിൽ നിന്ന് തള്ളിയിട്ടു കൊല്ലുകയായിരുന്നു.

ആൽബർട്ടോയ്ക്കും അറിയാമായിരുന്നു മഹേശ്വർ തന്നെയാണ് വിശാലിനെ വീണ്ടും വിളിച്ചു വരുത്തിയതെന്ന്. വിശാലിനെക്കാൾ മുൻപേതന്നെ മഹേശ്വറിന്റ ആത്മാവിന്റെ സാന്നിധ്യം ആൽബർട്ടോ തിരിച്ചറിഞ്ഞിരുന്നു. വില്യം ഇഗ്നേഷ്യസിന്റെ മരണശേഷം അയാൾ അലീനയുടെ കാവൽക്കാരനാകുകയിരുന്നു. അന്ന് പീയുഷയും പ്യൂണോയും വില്യമിനേയും കൊണ്ട് പാഞ്ഞപ്പോൾ തലനാരിഴക്കാണ് ആൽബർട്ടോ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്. അടുത്ത ഊഴം തന്റേതാണെന്നും അയാൾക്കറിയാമായിരുന്നു. കഴുത്തിൽ ധരിച്ചിരുന്ന രക്ഷകൾ ആണ് മഹേശ്വറിൽ നിന്ന് ഇത്രയുംകാലം അയാളെ സംരക്ഷിച്ചിരുന്നത്. എന്നാൽ, വിശാലുമായുള്ള സംഘട്ടനത്തിനൊടുവിൽ ആൽബർട്ടോയുടെ രക്ഷ പൊട്ടിവീഴുകയും എല്ലാ സത്യങ്ങളും വിശാലിനോട് വെളിപ്പെടുത്തിയ ശേഷം അയാൾ ചതുപ്പിൽ മുങ്ങിത്താഴുകയും ചെയ്യുന്നു.

devadoothan-movie-stills

മറ്റു Supernatural സിനിമകളിൽ നിന്ന് വ്യത്യസ്തമായി, ദേവദൂതനിൽ മഹേശ്വർ മനുഷ്യരൂപത്തിലോ ആത്മാവായോ വരുന്നില്ല. ചിറകടിക്കുന്ന വെള്ളരിപ്രാവ്, സെവൻ ബെൽസിലെ സംഗീതം, നായ്ക്കളുടെ മുരളലും കുരയും, സ്വയം ഓണും ഓഫും ആകുന്ന ലൈറ്റുകൾ, താനെ തുറക്കുകയും അടയുകയും ചെയ്യുന്ന ജനാലകൾ എന്നിവയിലൂടെയൊക്കെയാണ് മഹേശ്വർ തന്റെ സാന്നിധ്യമറിയിക്കുന്നത്.

Rhythm of Love എന്ന മ്യൂസിക്കൽ സിംഫണിക്ക് വിശ്വസംഗീത പുരസ്‌കാരം ലഭിച്ച വിശാൽ കൃഷ്ണമൂർത്തി മാധ്യമങ്ങൾക്ക് നൽകുന്ന അഭിമുഖത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. "എന്നെ ഞാനാക്കിയ ഏതോ അദൃശ്യശക്തിയുടെ സ്നേഹത്തിനു മുന്നിലുള്ള എന്റെ സാഷ്ടാംഗപ്രണാമമാണ് Rhythm of Love" "അയാൾ സംഗീതത്തിന്റെ രാജാവാണ്. (സിനിമയിൽ അത് മഹേശ്വർ ആണെങ്കിലും യഥാർത്ഥത്തിൽ വിദ്യാസാഗർ തന്നെ) ആ രാജാവ് തന്ന വെളിച്ചമാണ് Rhythm of Love." ഇപ്രകാരം വിശാലിലൂടെയാണ് മഹേശ്വറിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. ഒരിക്കൽ താൻ നഷ്ടപ്പെടുത്തിയ വിശാലിന്റെ ജീവിതം മഹേശ്വർ അയാൾക്ക് ഇപ്രകാരം തിരികെ കൊടുത്തു. (മഹേശ്വറിനു പൂർത്തീകരിക്കാൻ കഴിയാതെപോയ ആ സംഗീതമാണ് Rhythm of Love ആയി വിശാൽ പുറത്തിറക്കുന്നത്)

അഭിമുഖം അവസാനിക്കുമ്പോൾ, ക്യാമറ ചുവരിലുള്ള സെവൻ ബെൽസിന്റെ ചിത്രത്തിലേക്ക് Zoom ചെയ്യുന്നു, അങ്ങനെ കാഴ്ചക്കാരെ ഭൂതകാലത്തിലേക്ക് കൊണ്ടുപോകുന്നു, അവിടെ മഹേശ്വറിന്റെ കഥ ഒരു ഫ്ലാഷ്ബാക്കായി ആരംഭിക്കുന്നു.

ചിത്രത്തിന്റെ അവസാനം രണ്ടു പ്രാവുകൾ ചിറകടിച്ചു പറന്നുയരുന്നതു കാണാം. ഈ പ്രാവുകൾ മഹേശ്വറിന്റെയും അലീനയുടെയും ആത്മാക്കളുടെ പ്രതീകങ്ങളാണ്. വിശാൽ തന്റെ അവാർഡ് സെവൻ ബെൽസിനു സമർപ്പിക്കുന്നതിലൂടെ ചിത്രം അവസാനിക്കുന്നു.

devadoothan-movie-stills

1983 ൽ തന്റെ ആദ്യ സിനിമയ്ക്കായി രൂപപ്പെടുത്തിയ കഥയാണ് വർഷങ്ങൾക്ക് ശേഷം 2000-ൽ ദേവദൂതൻ എന്ന പേരിൽ പുറത്തുവന്നതെന്ന് സംവിധായകനായ സിബി മലയിൽ പറയുന്നു: സംഗീതത്തിന്റെ പശ്ചാത്തലത്തിലുള്ള ആ പ്രണയകഥയിലെ നായകൻ ഒരു ബോർഡിംഗ് സ്കൂളിലെ എഴുവയസ്സുകാരനായ കുട്ടിയായിരുന്നു. ആ കുട്ടിയിലൂടെ ഒരു അന്ധഗായകന്റെ ആത്മാവ് തന്റെ മരണമറിയാതെ തനിക്കായി കാത്തിരിക്കുന്ന മധ്യവയസ്കയായ കാമുകിയോടു സംവദിക്കാൻ ശ്രമിക്കുന്നതാണ് ഇതിവൃത്തം. എന്തോ കാരണത്താൽ ആ സിനിമ സംഭവിച്ചില്ല. പിന്നീട് 2000-ൽ സിയാദ് കോക്കറിന് വേണ്ടി ഈ സിനിമ ചെയ്യാൻ തീരുമാനിക്കുമ്പോൾ തിരക്കഥ പുതുക്കിയെഴുതുകയും പശ്ചാത്തലം കോളജ് ക്യാംപസിലേക്ക് മാറ്റുകയും ചെയ്തു. തെന്നിന്ത്യൻ താരമായിരുന്ന മാധവനെയാണ് മഹേശ്വറിന്റെ വേഷത്തിനായി ശ്രമിച്ചത്. എന്നാൽ മാധവൻ പിന്മാറിയതോടുകൂടി നിരാശരായി ഇരിക്കുന്ന സമയത്താണ് യാദൃച്ഛികമായി മോഹൻലാൽ സിയാദിൽ നിന്ന് ഈ കഥയെക്കുറിച്ച് അറിഞ്ഞതും അഭിനയിക്കുവാൻ താത്പര്യപ്പെട്ടതും. കോളജ് വിദ്യാർഥി എന്നത് അങ്ങനെ പൂർവവിദ്യാർഥിയായി മാറി.

"ഇനിയീഭാഗത്തൊരു ബൾബും സ്വിച്ചിടാതെ കത്തില്ല..."

ചിത്രത്തിന്റെ Remastered വേർഷനിൽ മോഹൻലാലിന്റെ fight scenes ഉൾപ്പെടെ ചില രംഗങ്ങൾ ഒഴിവാക്കിയത് നന്നായെങ്കിലും ജഗതിയുടെയും ജഗദീഷിന്റേയും കോമഡിരംഗങ്ങളും കഥയുമായി ബന്ധപ്പെട്ട മറ്റു ചില രംഗങ്ങളും കട്ട് ചെയ്യേണ്ട ആവശ്യമില്ലായിരുന്നുവെന്നു തോന്നി. ഉദാഹരണത്തിന്, മേരി എന്ന പേര് തനിക്കെങ്ങനെ കിട്ടി എന്ന് പ്രിൻസിപ്പലച്ചൽ വിശാലിനോട് പറയുന്ന രംഗം. പട്ടികളുടെ മുരളലും കുരയും വെറും ശരീരമില്ലാത്ത ശബ്ദം മാത്രമാണെന്ന് വിശാൽ പ്രിൻസിപ്പലച്ചനോട് പറയുന്നത്, തുടങ്ങി. 2 മണിക്കൂർ 46 മിനിറ്റുണ്ടായിരുന്ന സിനിമ ഇപ്പോൾ രണ്ട് മണിക്കൂർ 12 മിനിറ്റാക്കി ചുരുക്കി. ജഗതിയുടെ കഥാപാത്രത്തിലൂടെയാണ് ആദ്യമായി മേരിയുടെയും നിഖിൽ മഹേശ്വറിന്റെയും കഥ കാണികളിയിലേക്ക് എത്തുന്നത്.

devadoothan-movie-stills

ചിത്രത്തിലെ ഏറ്റവും ഭയാനകമായരംഗം അന്ധനായ മഹേശ്വറിനെ വേട്ടപ്പട്ടികൾ ആക്രമിക്കുന്നതാണ്. ഒടുവിൽ മഹേശ്വർ അവനുവേണ്ടി നിർമ്മിക്കപ്പെട്ട മരണക്കുഴിയിലേക്ക് വീഴുന്നതും.

2000-ലെ Best Film with Popular Appeal and Aesthetic Value, മികച്ച സംഗീത സംവിധാനം (വിദ്യാസാഗർ), മികച്ച വസ്ത്രാലങ്കാരം (S.B. സതീശൻ) തുടങ്ങിയ അവാർഡുകൾ ഈ സിനിമ കരസ്ഥമാക്കുകയുണ്ടായി. ചിത്രത്തിന്റെ നിർമ്മാതാവ് സിയാദ് കോക്കർ, ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിൽ, ഡി.ടി.എസ്. മിക്സിംഗ് എച്ച്. ശ്രീധർ, ഗാനരചന കൈതപ്രം.

Seven Bells ലൂടെ ഒഴുകുന്ന വിദ്യാസാഗറിന്റെ മാസ്മരിക സംഗീതമാണ് ചിത്രത്തിന്റെ ആത്മാവ്. പശ്ചാത്തല സംഗീതം കൊണ്ട് നിഗൂഢവും ഭയാനകുമായ അന്തരീക്ഷം സൃഷ്ടിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. "എന്തരോ മഹാനുഭാവലു" എന്ന ത്യാഗരാജകൃതി സിംഫണി ശൈലിയിൽ പുനഃസൃഷ്ടിച്ച ഗാനമാണ് സിനിമയുടെ തുടക്കത്തിൽ. കരളേ നിൻ കൈ പിടിച്ചാൽ, പൂവേ പൂവേ, എൻ ജീവനേ എന്നിവയാണ് മറ്റു ഗാനങ്ങൾ.

Comments