Tutinama, Tales of a Parrot That Flew Across Borders

ശുകസപ്തതി (തത്ത പറഞ്ഞ 70 കഥകൾ അഥവാ 'Seventy Tales of a Parrot') എന്ന സംസ്കൃത കഥാസമാഹാരമാണ് തുത്തിനാമ ('Tales of a Parrot' or 'Parrot-Book') എന്ന പേർഷ്യൻ കൃതിക്ക് ആധാരം. ഭർത്താവ് വിദേശത്തേക്ക് പോയിരിക്കുമ്പോൾ കാമുകനൊപ്പം പോകുന്നതിൽനിന്ന് പിന്തിരിപ്പിക്കാൻ ബുദ്ധിമാനായ വളർത്തുതത്ത തന്റെ യജമാനത്തിയോട് പറയുന്ന 70 കഥകളാണ് ഇതിന്റെ പ്രമേയം.

khujasta-and-the-parrot-from-tutinama

അന്നത്തെകാലത്ത് കെട്ടുകഥകളിൽ ഇന്ത്യയിലെപ്പോലെതന്നെ ഇറാനിലും (പേർഷ്യ) മനുഷ്യരെപ്പോലെ സംസാരിക്കുന്ന തത്തകൾ സർവ്വസാധാരണമായിരുന്നു. പേർഷ്യൻ ഫിസിഷ്യനും സൂഫിയുമായിരുന്ന സിയാ അൽ-ദിൻ നഖ്‌ഷബി (Ziya al-Din Nakhshabi) ആണ് ശുകസപ്തതിക്ക് ചില മാറ്റങ്ങൾ വരുത്തി തുത്തിനാമ എന്ന പേരിൽ 1330-ൽ പേർഷ്യൻ ഭാഷയിലേക്കു വിവർത്തനം ചെയ്തത്. എന്നാൽ, അതിനുമുൻപ് പതിനാലാം നൂറ്റാണ്ടിന്റെ ആദ്യകാലത്തുതന്നെ (1313-1316) ഇമാദ് ബിൻ മുഹമ്മദ് തഗരി 'ജവാഹിർ അൽ അസ്മാർ' (Jawahir al-Asmar) എന്ന പേരിൽ ശുകസപ്തതി പേർഷ്യൻ ഭാഷയിലേക്കു മൊഴിമാറ്റം ചെയ്തിട്ടുണ്ട്.


നഖ്‌ഷബിയുടെ തുത്തിനാമയാണ് ഏറെ പ്രശസ്തമായത്. ശുകസപ്തതിയിലെ കഥാപാത്രങ്ങൾക്ക് പേർഷ്യൻ പേരുകളും പശ്ചാത്തലവും നൽകി, രസകരമല്ലെന്നു തോന്നിയ ചില കഥകൾ ഒഴിവാക്കി പകരം പുതിയ ചില കഥകൾ രചിക്കുകയും ചെയ്തു. ഇവ പഞ്ചതന്ത്രം, സിന്ദ്ബാദ് നാമ എന്നിവയിൽ നിന്നും കടം കൊണ്ടിട്ടുള്ളവയാണ്. ശുകസപ്തതിയിൽ 70 കഥകളാണുള്ളതെങ്കിൽ നഖ്‌ഷബിയുടെ പരിഭാഷയിൽ അത് 52 കഥകളായി ചുരുങ്ങിയിട്ടുണ്ട്.‌

illustration-from-tuti-nama
The origin of music from a fabulous bird of India which had seven holes in its beak, from a Tuti-nama (Tales of a Parrot): Fourteenth Night

നിരവധി സംസ്‌കൃത ഗ്രന്ഥങ്ങൾ പേർഷ്യൻ ഭാഷയിലേക്കു വിവർത്തനം ചെയ്ത മുഗൾ ചക്രവർത്തി അക്ബർ (1556-1605) നഖ്‌ഷബിയുടെ തുത്തിനാമ വർണ്ണചിത്രങ്ങളിലൂടെ മോടി പിടിപ്പിക്കാനായി തന്റെ കൊട്ടാരത്തിലെ മികച്ച ചിത്രകാരന്മാരെ നിയോഗിച്ചു. ബസവൻ, താര ചന്ദ്, ദശ്വന്ത്‌ എന്നിവരായിരുന്നു അവരിൽ പ്രമുഖർ.

മനോഹരമായ ഈ ചിത്രപുസ്തകത്തിന്റെ രണ്ടു കോപ്പികൾ മാത്രമാണ് ഇപ്പോൾ ശേഷിക്കുന്നത്. 211 മിനിയേച്ചർ പെയിന്റിംഗുകൾ ഉൾക്കൊള്ളുന്ന 1560-65 - ലെ ആദ്യകാലപ്രതി യുണൈറ്റഡ്‌ സ്റ്റേറ്റ്സിലെ ക്ലീവ്‌ലാന്റ് ആർട്ട് മ്യൂസിയത്തിൽ (Cleveland Museum of Art) ആണുള്ളത്. 1580-85 പതിപ്പിന്റെ കുറെ ഭാഗങ്ങൾ അയർലാൻഡിലെ ചെസ്റ്റർബീറ്റി ലൈബ്രറിയിലും ശേഷിക്കുന്നവ ബോസ്റ്റണിലെ ഫൈൻആർട്ട് മ്യൂസിയം, ലണ്ടനിലെ വിക്ടോറിയ & ആൽബർട്ട് മ്യൂസിയം, ഡൽഹിയിലെ നാഷണൽ മ്യൂസിയം എന്നിവിടങ്ങളിലുമാണ്. അക്ബറിന്റെ ആഗ്രഹപ്രകാരം പ്രിയസുഹൃത്തായിരുന്ന അബുൾ ഫാസൽ നഖ്‌ഷബിയുടെ തുത്തിനാമയ്ക്ക് ഒരു സംഗ്രഹവും രചിച്ചിട്ടുണ്ട്.

1793-ൽ മുഹമ്മദ് ഖാദിരി തുത്തിനാമയിലെ തെരഞ്ഞെടുത്ത 35 കഥകൾ ലളിതമായ പേർഷ്യൻ ഭാഷയിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്.

illustration-from-tuti-nama
The wolf advises the lion to consult the cat, from a Tuti-nama (Tales of a Parrot): Fifteenth Night

നഖ്‌ഷബിയുടെ തുത്തിനാമ, ഖാദിരിയുടെ തുത്തിനാമ, മുഹമ്മദ് തഗരിയുടെ ജവാഹിർ അൽ അസ്മാർ എന്നീ കൃതികളിൽ കഥാപാത്രങ്ങളുടെ പേരുകളിലും കഥാന്ത്യത്തിലും ചെറിയ മാറ്റങ്ങളുണ്ട്. നഖ്‌ഷബിയുടെ തുത്തിനാമയും ഖാദിരിയുടെ തുത്തിനാമയും വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. മിക്ക ഇന്ത്യൻഭാഷാ തർജ്ജമകളിലും ഏതോ ശാപത്തിന്റെ ഫലമായി ഒരു മാനവൻ തത്തയുടെ രൂപത്തിൽ പുനർജനിച്ചു എന്ന സങ്കൽപ്പമാണ്. കഥയുടെ ചുരുക്കം ഇതാണ്:


ഒരു ദിവസം മൈമുൻ എന്ന വ്യാപാരി ചന്തയിൽ വച്ച് ഒരു തത്ത വിൽപ്പനക്കാരനെ കണ്ടു. തത്തയുടെ വില അന്വേഷിച്ചപ്പോൾ 1000 ദിനാർ എന്ന് മറുപടി കിട്ടി. "ഒരു പിടി തൂവലിനും പൂച്ചക്ക് ഒരു നേരത്തേക്കുള്ള ഭക്ഷണത്തിനും വേണ്ടി ഇത്രയധികം പണം മുടക്കുന്നയാൾ മണ്ടനാണ്," മൈമുൻ പറഞ്ഞു.

ഇതുകേട്ട തത്ത പറഞ്ഞു, "അല്ലയോ, യുവാവേ, എന്റെ മൂല്യത്തെക്കുറിച്ച് നിനക്കെന്തറിയാം? ഞാൻ വെറും ഒരുപിടി തൂവലുകളാണെങ്കിലും, എല്ലാ കാര്യങ്ങളിലും എനിക്ക് അറിവുണ്ട്. ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെപ്പറ്റി എനിക്ക് മുൻകൂട്ടി പ്രവചിക്കാൻ കഴിയും. അതിനു തെളിവായി ഞാൻ ഒരു കാര്യം പറഞ്ഞുതരാം. മൂന്നു ദിവസത്തിനകം ഇവിടേക്ക് കാബൂളിൽ നിന്ന് ഹയാസിന്ത് പൂക്കൾ വാങ്ങാനായി ഒരു കച്ചവടസംഘം വരും. ഇപ്പോൾ തന്നെ ഈ പ്രദേശത്തെ എല്ലാ കച്ചവടക്കാരിൽ നിന്നും അവ വാങ്ങി നിന്റെ ഭവനത്തിൽ ശേഖരിക്കൂ. അതിന്റെ വിൽപ്പനയിലൂടെ നിനക്ക് ഗണ്യമായ നേട്ടമുണ്ടാക്കാം."

ഇതുകേട്ട മൈമുൻ പറഞ്ഞ തുക മുഴുവൻ നൽകി തത്തയെ വാങ്ങി വീട്ടിലേക്കു കൊണ്ടുവന്നു. മൂന്നാം ദിവസം തത്ത പ്രവചിച്ചതുപോലെ കച്ചവടസംഘം വന്നപ്പോൾ പൂക്കൾ വിറ്റു മൈമുൻ വൻലാഭമുണ്ടാക്കി.

illustration-from-tuti-nama
The monkey, serving as the lion's chamberlain, converses with the lynx and its mate who have arrived with their cubs to settle in the lion's domain, from a Tuti-nama (Tales of a Parrot): Twenty-ninth Night

തത്തയിൽ ആകൃഷ്ടനായ മൈമുൻ അതിനു കൂട്ടിനായി ഒരു സംസാരിക്കുന്ന മൈനയേയും വാങ്ങിച്ചു. അതിനുശേഷം മൈമുൻ എല്ലാ കാര്യങ്ങളിലും തത്തയുടെ ഉപദേശം തേടാൻ തുടങ്ങി. ഒരു ദിവസം മൈമുൻ മറുനാട്ടിലേക്കു യാത്ര പുറപ്പെടാനൊരുങ്ങി. ഭാര്യ ഖുജസ്തയോട് "തന്റെ അഭാവത്തിൽ എല്ലാ കാര്യങ്ങളും രണ്ടു പക്ഷികളുടെയും ഉപദേശപ്രകാരം മാത്രം ചെയ്യുക," എന്നു പറഞ്ഞു മൈമുൻ യാത്രയായി.

ഒരു ദിവസം രാവിലെ ഖുജസ്ത തന്റെ വീടിന്റെ മട്ടുപ്പാവിൽ നിൽക്കുമ്പോൾ സുന്ദരനായ ഒരു രാജകുമാരനെ കാണാനിടയായി. രണ്ടുപേരും പ്രേമപരവശരായി. ഒരു സ്ത്രീയെ തന്റെ ഇടനിലക്കാരിയാക്കി, രാജകുമാരൻ ഖുജസ്തയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഒരു സന്ദേശം അയച്ചു. അന്നുരാത്രി അവർ കണ്ടുമുട്ടാൻ തീരുമാനിച്ചു.

സൂര്യൻ അസ്തമിച്ചു കഴിഞ്ഞപ്പോൾ തന്റെ അവിഹിത കൂടിക്കാഴ്ചയ്ക്കുള്ള അനുവാദം തേടി ഖുജസ്ത മൈനയുടെ അടുത്തു ചെന്നു. ഒരു പെൺപക്ഷിയായ മൈന ഇക്കാര്യത്തിൽ എതിർക്കില്ലെന്നും തനിക്ക് പോകാൻ അനുമതി നൽകുമെന്നും ഖുജസ്ത കരുതി. എന്നാൽ, കുലത്തിനു മോശമായ ഇത്തരമൊരു നീചപ്രവൃത്തി ചെയ്യരുതെന്നാണ് മൈന ഉപദേശിച്ചത്. പ്രണയം തലയ്ക്കുപിടിച്ച ഖുജസ്തയെ മൈനയുടെ വിസമ്മതം പ്രകോപിതയാക്കി. അവൾ അതിനെ കൂട്ടിൽനിന്നും വലിച്ചെടുത്തു നിലത്തടിച്ചു കൊന്നു.


കോപിഷ്ഠയായ ഖുജസ്ത അടുത്തതായി തത്തയുടെ കൂടിനടുത്തേക്ക് ചെന്നു. പുറമേ വിസമ്മതം പ്രകടിപ്പിച്ചാൽ തനിക്കും മൈനയുടെ അതേ വിധിയായിരിക്കും എന്നു മനസിലാക്കിയ തത്ത കൗശലപൂർവ്വം മൊഴിഞ്ഞു:

"അല്ലയോ സുന്ദരീ, നീ യാതൊരു വിധത്തിലും അസ്വസ്ഥതയാകേണ്ട കാര്യമില്ല. നിന്റെ ആഗ്രഹപൂർത്തിക്കു വേണ്ടി എന്റെ കഴിവിന്റെ പരമാവധി ഞാൻ ചെയ്യും. ഇനി ഒരു പക്ഷെ ഈ രഹസ്യം നിന്റെ ഭർത്താവ് അറിയാൻ ഇടയായാലും പേടിക്കേണ്ടതില്ല, ഞാൻ നിങ്ങളെ തമ്മിൽ വീണ്ടും ഒന്നിപ്പിക്കും, ഫെറുഖ് ബെഗ് എന്ന വ്യാപാരി തന്റെ തത്തയെ വിശ്വസിച്ച് ഭാര്യയുമായി അനുരഞ്ജനത്തിലായതുപോലെ."

"എന്താണ് ഫെറുഖ് ബെഗിന്റെ തത്തയുടെ കഥ. മുഴുവൻ പറയൂ," ഖുജസ്ത ആരാഞ്ഞു.

ആ കഥ പറഞ്ഞുകൊടുത്തതിനു ശേഷം ഖുജസ്തയോട് വേഗംതന്നെ എണീറ്റ് യാത്രയാവാൻ തത്ത ഉപദേശിച്ചു. എന്നാൽ ആ സമയം നേരം പുലർന്നു. അതിനാൽ യാത്ര അടുത്തദിവസത്തേക്കു മാറ്റിവച്ചു.

പിറ്റേദിവസം രാത്രിയായപ്പോൾ ഖുജസ്ത അണിഞ്ഞൊരുങ്ങി രാജകുമാരനെ കാണാനുള്ള അനുവാദം ചോദിക്കാനായി തത്തയുടെ അടുത്തേക്ക് ചെന്നു. തത്ത പറഞ്ഞു, "ചിന്താവിഷ്ടയാവാതെ സന്തോഷവതിയായിരിക്കൂ. നിന്നെ ഞാൻ തന്നെ ആ കുമാരന് പരിചയപ്പെടുത്തിക്കൊടുക്കാം; എന്നാൽ അവനുവേണ്ടി നിന്റെ മനസ്സിൽ സൗഹൃദവും സ്നേഹവും വാത്സല്യവും കാത്തുസുസൂക്ഷിക്കണം, തബരിസ്ഥാനിലെ രാജാവിനോട് അദ്ദേഹത്തിന്റെ ഒരു കാവലാളുടെ മനസ്സിൽ ഉണ്ടായിരുന്നതിനു സമാനമായ അടുപ്പവും വിശ്വസ്തതയും."

illustration-from-tuti-nama
The dethroned frog Shapur seeks the help of the serpent, from a Tuti-nama (Tales of a Parrot): Twenth-sixth Night

"ഏതു തരം? എന്താണ് തബരിസ്ഥാനിലെ രാജാവിന്റെ കഥ. മുഴുവൻ പറയൂ." അവൾക്കു ജിജ്ഞാസയായി.

ഈ വിധം മൈമുൻ തിരിച്ചെത്തുന്നതുവരെ തുടർച്ചയായി 52 രാത്രികളിൽ ഓരോ പുതിയ കഥകൾ കേൾപ്പിച്ച് തത്ത ഖുജസ്തയുടെ യാത്ര തന്തപൂർവം മുടക്കുന്നു. ഓരോ ദിവസത്തെയും കഥ പറഞ്ഞു തീരുമ്പോഴേക്കും നേരം പുലർന്നിട്ടുണ്ടാകും. അപ്പോൾ യാത്ര അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കപ്പെടും. ഇപ്രകാരം തത്ത ഖുജസ്തയെ സംരക്ഷിക്കുകയും അതോടൊപ്പം സ്വന്തം ജീവൻ രക്ഷിക്കുകയും ചെയ്തു.

അമ്പത്തിമൂന്നാം ദിവസം രാവിലെ മൈമുൻ തിരിച്ചെത്തി. മൈനയെ കാണാതിരുന്നപ്പോൾ മൈമുൻ കാര്യം ആരാഞ്ഞു. ഉണ്ടായ കാര്യങ്ങളെല്ലാം തത്ത വിവരിച്ചു. എല്ലാ കാര്യങ്ങളും മനസിലാക്കിയ മൈമുൻ ഖുജസ്തയെ വധിക്കുന്നു, കൂട്ടിൽ നിന്നും തത്തയെ സ്വതന്ത്രനാക്കുന്നു. ശേഷം മൈമുൻ സൂഫിസം സ്വീകരിക്കുന്നു.

എന്നാൽ ശുകസപ്തതിയിൽ വ്യാപാരി വീട്ടിലേക്ക് മടങ്ങിവരുമ്പോൾ ഭാര്യ താൻ ഒരു പാപവും ചെയ്തിട്ടില്ലെന്ന് അദേഹത്തെ ബോധ്യപ്പെടുത്തുന്നു. അങ്ങനെ ആ ദമ്പതികളുടെ പുന:സമാഗമത്തോടും തത്തയുടെ സ്വാതന്ത്ര്യത്തോടും കൂടി കഥ ശുഭപര്യവസായിയായി അവസാനിക്കുന്നു.

ഏകദേശം ഇതേപോലൊരു കഥയാണ് അറബിക്-പേർഷ്യൻ നാടോടിക്കഥകളുടെ ഒരു ശേഖരമായ ആയിരത്തൊന്നു രാവുകൾ (അലിഫ് ലൈല വ ലൈലാ) അഥവാ അറേബ്യൻ നൈറ്റ്സിലേത്. അതിൽ ഓരോ ദിവസവും ഓരോ കഥകൾ പറഞ്ഞുകൊടുത്ത് ബുദ്ധിമതിയായ ഷഹറാസാദ് ഭർത്താവായ ഷഹരിയാറിനെ രസിപ്പിക്കുകയും അങ്ങനെ വധശിക്ഷയിൽ നിന്നും സ്വയം രക്ഷപ്പെടുകയും ചെയ്യുന്നു.

Comments