The Historical Background of Thoma Kathanar's Varthamanapusthakam

കേരളത്തിലെ ക്രൈസ്തവർ ക്രിസ്തുവിന്റെ ശിഷ്യന്മാരിൽ ഒരാളായ തോമാ (സെന്റ് തോമസ് അഥവാ തോമാശ്ലീഹാ) യിൽ നിന്നും ക്രിസ്തുവിശ്വാസം സ്വീകരിച്ചവരുടെ പിൻ തലമുറക്കാരാണെന്നു വിശ്വസിക്കപ്പെടുന്നു.

മലങ്കരസഭ എന്ന കേരളത്തിലെ ഈ ആദ്യകാല ക്രൈസ്തവ സമൂഹത്തെ നമുക്ക് നസ്രാണികൾ, സെന്റ് തോമസ് ക്രിസ്ത്യാനികൾ, മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍, സുറിയാനി ക്രിസ്ത്യാനികൾ (സിറിയൻ കാത്തോലിക്), സിറോ മലബാർ ക്രിസ്ത്യാനികൾ എന്നിങ്ങനെ പല പേരുകളിലും വിളിക്കാം. സുറിയാനി ആണ് അവരുടെ വൈദിക ഭാഷ.

മലങ്കരസഭ പേർഷ്യ അഥവാ ഇറാൻ, ബാബിലോൺ, അന്ത്യോക്യ (Antioch) എന്നിവിടങ്ങളിലെ പൗരസ്ത്യസഭയുടെ (കൽദായ) പാത്രിയർക്കീസുമാരുടെ (Patriarch) ആത്മീയ നേതൃത്വത്തിൻ കീഴിലായിരുന്നു. പാത്രിയർക്കീസുമാര്‍ സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഒരിക്കലും ഇടപെട്ടിരുന്നില്ല.

സഭാകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് പള്ളിയോഗങ്ങളിലായിരുന്നു. അതാതു ഇടവകകളിലെ വൈദികരും കുടുംബനാഥന്മാരുമായിരുന്നു പള്ളിയോഗത്തിലെ അംഗങ്ങൾ. 'ജാതിക്കു കർത്തവ്യൻ' എന്നറിയപ്പെടുന്ന അർക്കദിയാക്കോൻ (Archdeacon) എന്ന തദ്ദേശീയ പുരോഹിതനായിരുന്നു പള്ളിയോഗങ്ങളുടെ ഉന്നതാധികാരി. പ്രധാന കാര്യങ്ങൾ എല്ലാ ഇടവകകളുടെയും പ്രതിനിധികൾ അഥവാ മലങ്കര സഭായോഗമാണ് തീരുമാനിച്ചിരുന്നത്. ഈ യോഗങ്ങൾക്ക് ഏതാണ്ട് പരമാധികാരമുണ്ടായിരുന്നു.

വാസ്തവത്തിൽ, നസ്രാണിസഭ ഏറെക്കുറെ സ്വതന്ത്രമായ ക്രിസ്ത്യൻ റിപ്പബ്ലിക്ക് ആയിരുന്നു.

എന്നാൽ, യൂറോപ്പിലെ ക്രൈസ്തവ സമൂഹങ്ങളെല്ലാം തന്നെ റോമാസഭയുടെ തലവനായ മാർപാപ്പയുടെ (Pope) കീഴിലായിരുന്നു. ലത്തീൻ (Latin) ആണ് അവരുടെ വൈദിക ഭാഷ.

പോർച്ചുഗീസുകാരുടെ ആഗമനം

ആദ്യമൊക്കെ ഇരുകൂട്ടരും തമ്മിൽ സുഹൃദ്ബന്ധമായിരുന്നെങ്കിലും പിന്നീട് മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ രണ്ടാം തരക്കാരായി പോർച്ചുഗീസുകാർ (പറങ്കികൾ) കണ്ടുതുടങ്ങി.

പോർച്ചുഗീസ് അധിനിവേശത്തെത്തുടർന്ന് ഇന്ത്യയിൽ മെത്രാന്മാരെ നിയമിക്കുന്നതിനും മിഷനറി പ്രവർത്തനങ്ങൾ നടത്താനുമുള്ള പദ്രുവാദോ (Padroado) അധികാരം മാർപാപ്പ പോർച്ചുഗൽ രാജാവിന് നൽകി. 1533 ൽ സ്ഥാപിച്ച ഗോവ രൂപത (Diocese) 1558-ൽ അതിരൂപതയായി (Archdiocese) ഉയർത്തപ്പെട്ടു. കൊച്ചി രൂപത 1557-ൽ സ്ഥാപിതമായി. ജെസ്യൂട്ട് പാതിരിമാർ (Jesuits) അഥവാ ഈശോസഭക്കാരാണ് (Society of Jesus) ഇന്ത്യയിൽ മിഷനറി പ്രവർത്തനങ്ങൾക്ക് മുൻകൈ എടുത്തത്.

കേരളത്തിലെ നസ്രാണികളെ പദ്രുവാദോ ഭരണത്തിന് കീഴിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പോർച്ചുഗീസുകാർ ആരംഭിച്ചു. ലത്തീൻ പഠിപ്പിക്കാനായി 1541-ൽ വിൻസെന്റ് ഡി ലാഗോസ് എന്ന ഫ്രാൻസിസ്കൻ വൈദികൻ കൊടുങ്ങല്ലൂരും ഈശോസഭക്കാർ 1581-ൽ വൈപ്പിക്കോട്ടയിലും സെമിനാരികൾ സ്ഥാപിച്ചു. പക്ഷെ ആ ശ്രമങ്ങളൊന്നും വിജയിച്ചില്ല.

കൽദായ സഭയുമായുള്ള നസ്രാണികളുടെ ബന്ധം വിച്‌ഛേദിച്ചാൽ മാത്രമേ പാശ്ചാത്യവത്കരണം സാധ്യമാകൂ എന്ന് മനസിലായ പോർച്ചുഗീസുകാർ അതിനുള്ള നീക്കങ്ങൾ തുടങ്ങി. കേരളത്തിലെത്തിയ മാർ ജോസഫ്, മാർ അബ്രഹാം തുടങ്ങിയ കൽദായ മെത്രാന്മാരെ അവർ തടങ്കലിൽ ഇടുകയോ പോർച്ചുഗലിലേക്കോ റോമിലേക്കോ നാടു കടത്തുകയോ ചെയ്തു.

ഉദയംപേരൂർ സുന്നഹദോസ്

കേരളത്തിലെത്തിയ ഗോവ മെത്രാപ്പോലീത്ത (Archbishop) അലെക്സിസ് ഡെ മെനേസിസ് (Aleixo de Menezes) ബഹുമതികളും സമ്മാനങ്ങളും നൽകി കൊച്ചിരാജാവിനെയും മറ്റു നാട്ടു രാജാക്കന്മാരെയും വശത്താക്കി. പട്ടം നൽകിയും സമ്മാനങ്ങള്‍ നൽകിയും ഒട്ടേറെ നസ്രാണികളെ തനിക്കനുകൂലമാക്കാനും മെനേസിസിനു കഴിഞ്ഞു.

aleixo-de-menezes-archbishop-of-goa

മെനേസിസ് 1599 ജൂൺ 20 മുതൽ 26 വരെ ഉദയംപേരൂരിൽ വച്ചു നടത്തിയ സുന്നഹദോസിൽ മലങ്കര നസ്രാണികളെ മുഴുവൻ റോമൻ കത്തോലിക്കാസഭ അഥവാ പാശ്ചാത്യസഭയുടെ കീഴിലാക്കി. അതോടുകൂടി പരമ്പരാഗത സുറിയാനി ആചാരാനുഷ്‌ഠാനങ്ങളും ആരാധനാക്രമങ്ങളും ഉപേക്ഷിച്ച് ലത്തീൻ രീതികൾ അവരിൽ അടിച്ചേൽപ്പിച്ചു.

യഥാർത്ഥത്തിൽ സുന്നഹദോസിൽ പങ്കെടുത്ത നസ്രാണികൾക്ക് ലത്തീൻ ഭാഷ മനസ്സിലാകാതിരുന്നതിനാൽ എന്താണു നടപ്പാക്കുന്നതെന്ന് തന്നെ അറിവില്ലായിരുന്നു. സുന്നഹദോസിൽ പങ്കെടുത്തില്ലെങ്കിലും ഒപ്പു നൽകിയില്ലെങ്കിലും മഹറോൻ ശിക്ഷ ലഭിക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് അർക്കദിയാക്കോനേയും മറ്റു അംഗങ്ങളെയെല്ലാം ക്ഷണിച്ചു വരുത്തിയത്.


മെനേസിസിന്റെ മുഖ്യ സഹായിയും, വൈപ്പിക്കോട്ട സെമിനാരി റെക്റ്ററും, മലയാളം-സുറിയാനി ഭാഷാജ്ഞാനവും ഉണ്ടായിരുന്ന ഫ്രാൻസിസ് റോസ് എന്ന ഈശോസഭാവൈദികന്റെ പ്രേരണയാലാണ് അവർ ഒപ്പു നൽകിയത്.

ഉദയംപേരൂർ സുന്നഹദോസിനു ശേഷം അർക്കദിയാക്കോൻ സ്ഥാനം നാമമാത്രമായി. മെത്രാന്റെ കീഴിൽ കേന്ദ്രീകൃത ഭരണം ആരംഭിച്ചു. ഫ്രാൻസിസ് റോസിനെ (1599-1624) നസ്രാണികളുടെ പ്രഥമ ലത്തീൻ മെത്രാനായി (Bishop) മെനേസിസ് നിയമിച്ചു.

അങ്കമാലി ആയിരുന്നു പദ്രുവാദോ വൈദികരുടെ ആസ്ഥാനം. അങ്കമാലിക്ക് അതിരൂപത സ്ഥാനം കിട്ടിയപ്പോൾ മെത്രാപ്പോലീത്ത സ്ഥാനം ലഭിച്ച റോസ് തന്റെ ആസ്ഥാനം പോർച്ചുഗീസുകാർക്ക് കൂടുതൽ സ്വാധീനമുണ്ടായിരുന്ന കൊടുങ്ങല്ലൂരിലേക്ക് മാറ്റി.

ഈശോസഭാ മെത്രാപ്പോലീത്തമാരുടെ കീഴിൽ നസ്രാണികൾ അടിച്ചമർത്തപ്പെട്ടവരും അസംതൃപ്തരുമായിരുന്നു. മൂന്നാമത്തെ ലത്തീൻ മെത്രാപ്പോലീത്തയായ ഫ്രാൻസിസ് ഗാർസ്യ (1641-1659) തോമ്മാ അർക്കദിയാക്കോനുമായി നിരന്തരം അഭിപ്രായഭിന്നതയിലായിരുന്നു.

ഈ കഷ്ടപ്പാടുകളിൽ നിന്നും ഒരു മോചനം സാധ്യമാകണമെങ്കിൽ മുമ്പത്തെപ്പോലെ പൗരസ്ത്യസഭയിൽ നിന്നുള്ള ഒരു മെത്രാൻ ഇവിടെയെത്തേണ്ടതുണ്ടെന്ന് മനസ്സിലായ തോമ്മാ അർക്കദിയാക്കോൻ പൗരസ്ത്യസഭയുടെ പാത്രിയർക്കീസുമാർക്ക് അപേക്ഷകള്‍ അയച്ചുകൊണ്ടിരുന്നു.


1652 ഓഗസ്റ്റിൽ ഇന്ത്യയിലെത്തിയ മാർ ഇഗ്‌നേഷ്യസ് അഹത്തള്ള (Mar Ignatius Ahathalla) എന്ന പൗരസ്ത്യ വൈദികനെ കൊച്ചിയിൽ ഇറങ്ങാൻ അനുവദിക്കാതെ ഈശോസഭക്കാർ തിരിച്ചയച്ചു. മാത്രമല്ല, അഹത്തുള്ളയെ കല്ലുകെട്ടി കടലിൽ മുക്കിക്കൊന്നതായി ഒരു കിംവദന്തി എങ്ങും പരന്നു.

കൂനൻ കുരിശ് സത്യം (Leaning Cross Oath)

coonan-cross-oath

രോഷാകുലരായ നസ്രാണികൾ ഇനിമേലിൽ ഈശോസഭക്കാർക്ക് വിധേയരാവില്ല എന്ന് കൊച്ചിക്കു സമീപമുള്ള മട്ടാഞ്ചേരിയിൽ വച്ചു ശപഥം ചെയ്തു. പള്ളിയങ്കണത്തിലുള്ള കുരിശിൽ ഒരു വടം കെട്ടി 2500-ഓളം വരുന്ന വിശ്വാസികളെല്ലാം അതിൽ പിടിച്ചുകൊണ്ടായിരുന്നു സത്യം ചെയ്തത്. സത്യം ചെയ്യുന്നതിനിടയിൽ വിശ്വാസികൾ വടത്തിൽ വലിക്കുന്ന ശക്തിയാൽ കുരിശ് ഒരു വശത്തേക്ക് വളഞ്ഞു പോയി എന്നു പറയപ്പെടുന്നു. ഈ സംഭവം നടന്നത് 1653 ജനുവരി 3 നാണ്.

ഒരു സുറിയാനി മെത്രാനെ ലഭിക്കുന്നതിന് വേണ്ടി നസ്രാണികൾ ചെയ്ത പരിശ്രമങ്ങളെല്ലാം തന്നെ പരാജയപ്പെട്ടു പോയിരുന്നു.

മാര്‍ത്തോമാ മെത്രാന്മാർ

കൂനൻ കുരിശ് സത്യത്തെ തുടർന്ന് നസ്രാണികളുടെ ഇടയിൽ ഭിന്നിപ്പ് തുടങ്ങി. നസ്രാണികൾ 1653 മെയ് 22 നു ആലങ്ങാട്ടു സമ്മേളനം ചേരുകയും ഫ്രാൻസിസ് ഗാർസ്യയെ അനുസരിക്കില്ലെന്നും തീരുമാനിച്ചു. 12 പട്ടക്കാർ ചേർന്ന് തോമ്മാ അർക്കദിയാക്കോന്റെ ശിരസ്സിൽ കൈവച്ച് 'മാര്‍ത്തോമാ ഒന്നാമന്‍' എന്ന സ്ഥാനപ്പേരിൽ മെത്രാനായി വാഴിക്കുകയും ചെയ്തു. മാർ അഹത്തള്ള ഇതിനു അധികാരം നൽകിയിട്ടുണ്ട് എന്ന തെറ്റിദ്ധാരണയിലാണ് നസ്രാണികൾ ഇത് ചെയ്തത്.

കേരളസഭയിലെ ഭിന്നിപ്പുകൾ റോമിന്റെ ശ്രദ്ധയിൽ പെട്ടു. ഈശോസഭയെപ്പോലെ തന്നെ റോമിൽ പ്രചാരത്തിലുണ്ടായിരുന്ന മറ്റു രണ്ടു സന്യാസസഭകളാണ് കർമ്മലീത്ത-കപ്പൂച്ചിൻ. സ്ഥിതിഗതികൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അലക്സാണ്ടർ VII മാർപാപ്പ, കർമ്മലീത്താ (Carmelites) മിഷനറിമാരായ ജോസഫ് സെബസ്റ്റ്യാനിയുടെയും ഹയാസിന്തിന്റെയും നേതൃത്വത്തിൽ രണ്ടു അപ്പസ്തോലിക്ക കമ്മീഷനുകൾ കേരളത്തിലേക്കയച്ചു. 1657-ൽ സെബസ്റ്റ്യാനി കേരളത്തിലെത്തി.

ഒരു മെത്രാനു മാത്രമേ മറ്റൊരു വൈദികനെ മെത്രാനായി വാഴിക്കാനുള്ള അധികാരം ഉള്ളൂ. തോമ്മാ അർക്കദിയാക്കോനെ പുരോഹിതർ മാത്രം ചേർന്ന് മെത്രാനായി അഭിഷേകം ചെയ്ത നടപടി സഭാനിയമങ്ങൾക്കനുസൃതമല്ല എന്ന് പ്രൊപ്പഗാന്താ സംഘം പ്രചരിപ്പിച്ചു. ഇതിനിടെ മാർ അഹത്തള്ളയുടെ പേരിൽ വന്ന കത്ത് വ്യാജമാണെന്ന് തെളിയുകയും ചെയ്തു. അങ്ങനെ മാർത്തോമ്മാ ഒന്നാമന്റെ ഉപദേഷ്ടാക്കളേയും നസ്രാണികളിൽ വലിയൊരു പങ്കിനേയും റോമൻസഭയിലേക്ക് തിരിച്ചു കൊണ്ടുവരാൻ സെബസ്റ്റ്യാനിക്ക് കഴിഞ്ഞു.

1658 ജനുവരിയിൽ റോമിലെത്തി റിപ്പോർട്ട് സമർപ്പിച്ച സെബസ്റ്റ്യാനിയെ കൊടുങ്ങല്ലൂർ അതിരൂപതയുടെ വികാരി അപ്പസ്തോലിക്ക (Vicar Apostolic) യായി നിയമിച്ച് മാർപാപ്പ കേരളത്തിലേക്കയച്ചു. 1659-ൽ ഫ്രാൻസിസ് ഗാർസ്യ നിര്യാതനായി.


1661 മെയിൽ സെബസ്റ്റ്യാനി കൊച്ചിയിലെത്തി വികാരി അപ്പസ്തോലിക്കയായി ചുമതലയേറ്റു. മലങ്കര നസ്രാണികളെ പോർച്ചുഗൽ രാജാവിന്റെ കീഴിലുള്ള പദ്രുവാദോ-ഈശോസഭക്കാരിൽ നിന്നും അകറ്റി മാർപാപ്പയുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലുള്ള കർമ്മലീത്താ-കപ്പൂച്ചിൻ മിഷനറി സഭകൾ ചേർന്ന പ്രൊപ്പഗാന്താ സംഘത്തിന്റെ കീഴിലാക്കുക എന്നതായിരുന്നു ലക്ഷ്യം. വരാപ്പുഴ (Verapoly) ആയിരുന്നു വികാരി അപ്പസ്തോലിക്കമാരുടെ കേന്ദ്രം.

(തുടരും)

Comments